കൊച്ചി: ട്രഷറി, ആസൂത്രണ വകുപ്പിലെ സ്ഥലംമാറ്റം സംബന്ധിച്ച കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവ് ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. ട്രഷറി, ആസൂത്രണ വകുപ്പുകളിലെ സ്ഥലംമാറ്റങ്ങൾ പൊതുസ്ഥലംമാറ്റത്തോടൊപ്പം മാത്രമേ നടത്താവൂ എന്നായിരുന്നു ട്രിബ്യൂണലിന്റെ നിർദേശം.
രണ്ടാഴ്ചയ്ക്കകം അന്തിമ സ്ഥലംമാറ്റ പട്ടിക തയാറാക്കണമെന്നും സാങ്കേതിക പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിച്ച് പ്രത്യേക ചട്ടങ്ങൾ രൂപീകരിക്കണമെന്നും ട്രിബ്യൂണൽ നിർദേശിച്ചിരുന്നു. എന്നാൽ ട്രിബ്യൂണലിന്റെ ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും സർക്കാരിന്റെ അധികാരപരിധിയിലേക്കുള്ള ഇടപെടലാണെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
അടിയന്തര സ്ഥലംമാറ്റങ്ങൾ സ്ഥാനക്കയറ്റങ്ങൾ നടപ്പാക്കാൻ കഴിയാത്ത സാഹചര്യമുണ്ടായതായി സർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ മുഹമ്മദ് ഷാ വാദിച്ചു. പൊതുസ്ഥലംമാറ്റം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ നിലനിൽക്കുന്നതല്ലെന്നും വ്യക്തിഗത ഉദ്യോഗസ്ഥരെ ബാധിക്കുന്ന സ്ഥലംമാറ്റ ഉത്തരവുകളെ മാത്രമേ ചോദ്യം ചെയ്യാനാകൂവെന്നും സർക്കാർ വാദിച്ചു.
സർക്കാരിന്റെ വാദം പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്ന് വിലയിരുത്തിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ട്രിബ്യൂണൽ ഉത്തരവ് ഒരു മാസത്തേക്ക് സ്റ്റേ ചെയ്യുകയായിരുന്നു. ജസ്റ്റീസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റീസ് മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.